കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്ക്(22), സലീം എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ തങ്കരാജ്(32), ഗണേഷ്(31) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഇുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരു തൊഴിലാളിയായ ജീവാനന്ദവും ചികിത്സയിലുണ്ട്.
അപകട സമയത്ത് സലീമും, കാര്‍ത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. കാര്‍ത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പൊറ്റമ്മലിലാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം നടന്നത്. പുറമേ നിന്ന് നിര്‍മ്മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു.




