ജിഎസ്ടിയില്‍ ഇനി രണ്ട് സ്ലാബ്; നഷ്ടപരിഹാരത്തില്‍ തീരുമാനമില്ല

ദില്ലി: ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതല്‍ നിലവിലുണ്ടാവുക. 12%, 28% ജിഎസ്ടി സ്ലാബുകള്‍ ഒഴിവാക്കി. ഈ മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. ടൂത്ത്‌പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.

5 ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, കണ്ണാടി, സോളാര്‍ പാനലുകള്‍ എന്നിവ ഈ സ്ലാബില്‍ വരും.

18 ശതമാനം നികുതി: ടി.വി., സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്‌സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. 350 സി.സി.യില്‍ താഴെയുള്ള ചെറിയ കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും നികുതി 28-ല്‍ നിന്ന് 18 ശതമാനമായി കുറയും.

40 ശതമാനം നികുതി: ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. പാന്‍ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ്സ് തത്കാലം തുടരും.

സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്തണമെന്ന കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. എട്ട് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ നേരത്തേതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top