കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

കൊച്ചി: കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി 20 വാര്‍ഡ് ഏരിയ സെക്രട്ടറിയാണ്.

തലച്ചോറില്‍ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജ് ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്. ആളുകളില്‍ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎല്‍എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top