Section

malabari-logo-mobile

തുവൂര്‍ സുജിത കൊലക്കേസ് ; പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും

HIGHLIGHTS : Sujitha murder: evidence collection from today, accused in police custody

മലപ്പുറം: തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകിട്ട് മഞ്ചേരി കോടതിയില്‍നിന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കരുവാരക്കുണ്ട് സ്റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പ് തുടങ്ങും.

സുജിതയെ കൊലപ്പെടുത്തിയ കേസില്‍ വിഷ്ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്, വിവേക്, അച്ഛന്‍ മുത്തു, സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ എന്നിവരാണ് പ്രതികള്‍. വിശദ അന്വേഷണത്തിനു ശേഷമേ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച മറുപടികളിലെ വ്യക്തതക്കുറവും പൊരുത്തമില്ലായ്മയും അന്വേഷകസംഘം പരിശോധിക്കും. സുജിതയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്ത് വലിച്ചെറിഞ്ഞതായാണ് പൊലീസ് നിഗമനം. സുജിത കൊല്ലപ്പെട്ട ആഗസ്ത് 11ന് പകല്‍ 11.42ന് ആയിരുന്നു ഫോണില്‍നിന്നുള്ള അവസാനത്തെ വിളി. വൈകാതെ ഫോണ്‍ ഓഫ് ആയി.

sameeksha-malabarinews

സ്ത്രീകളില്‍നിന്ന് സ്വര്‍ണം വാങ്ങി പണയംവയ്ക്കുകയോ വില്‍ക്കുകയോ ചെയ്താണ് വിഷ്ണു ആവശ്യത്തിനുള്ള പണമുണ്ടാക്കിയിരുന്നത്. ഒരാളില്‍നിന്ന് വാങ്ങിയത് നല്‍കാന്‍ മറ്റൊരാളില്‍നിന്ന് വാങ്ങും. ഇങ്ങനെ നിരവധി പേരില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങിയിട്ടുണ്ട്. തിരിച്ചുകൊടുക്കാനാകാതെ വന്നതോടെ രണ്ടുമാസമായി തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് പദ്ധതിയിലെ താല്‍ക്കാലിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കേസിലെ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബശ്രീ കാര്‍ഷിക റിസോഴ്സ്പേഴ്സണ്‍ എന്ന നിലയില്‍ കൃഷിഭവന്‍ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവര്‍ത്തനം. കൃഷിവകുപ്പിന്റെ കേരള കര്‍ഷകന്‍ മാസികയുടെ ഏജന്‍സിയുമുണ്ട്. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാര്‍ഡുകളില്‍ ഫീല്‍ഡ് വര്‍ക്കില്‍ ആയിരിക്കും. ആഗസ്ത് 11ന് പകല്‍ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തിന് കരുവാരക്കുണ്ട് ഇന്‍സ്പെക്ടര്‍ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തെ ചുമതലപ്പെടുത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാറിനാണ് മേല്‍നോട്ടച്ചുമതല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!