Section

malabari-logo-mobile

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കി: മന്ത്രി

HIGHLIGHTS : Transport Minister Antony Raju prepares guidelines to ensure safety of school vehicles

തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20നകം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡന്റ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രോട്ടോകോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണം.

sameeksha-malabarinews

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍’ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ലീനയ്ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യണം. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണം. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണം. വാഹനത്തില്‍ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഓരോ ദിവസവും വാഹനം യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണം.
സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ബാധകമാണ്. ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും വാഹന ഉടമകളും ഇത് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!