
പരപ്പനങ്ങാടി: റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പരപ്പനങ്ങാടിയിലെത്തിയ പാലക്കാട് ഡിവിഷണൽ മാനേജർക്ക് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി വിവിധ സംഘടനകൾ.
പ്രധാനമായും മാവേലി എക്‌സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗള ലക്ഷദീപ് സൂപ്പർ ഫാസ്റ്റ്, ജനശദാബ്ധി എന്നീ ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് നിവേദനങ്ങളിലെ പ്രധാന ആവശ്യം.
നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ പഴയ ബസ്റ്റാൻ്റിലേക്ക് ഫുട് ഓവർ ബ്രിഡ്ജ് ഉണ്ടാക്കാനുള്ള അനുമതി വേണമെന്നും, തിരൂർ താനൂർ റോഡിൽ ബസ് ബേ സൗകര്യം ഏർപ്പെടുത്താനുള്ള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് പുറമെ കോവിഡ് കാലത്ത് നിർത്തലാക്കിയ പ്രതിവാര ട്രെയിനുകളുടെ പരപ്പനങ്ങാടിയിലെ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും , എക്സിക്യുട്ടീവ് എക്‌സ്പ്രസ് അടക്കമുള്ള പകൽ സമയത്തെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ടി. കാർത്തികേയൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൗൺസിലർമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
പരപ്പനങ്ങാടിയിലെ മറ്റ് സാമൂഹ്യ സംഘടനകളും പാലക്കാട് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദിക്ക് നിവേദനം നൽകിയിട്ടുണ്ട്. പൊന്നാനി ലോകസഭാ എം.പി അബദുസമദ് സമദാനിയും ഡിആർഎമ്മിനൊപ്പമുണ്ടായിരുന്നു.
നാടിൻ്റെ പൊതുവായ വികസന കാര്യങ്ങളിൽ പോലും ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ കൂട്ടായി നിവേദനം നൽകാൻ കഴിയാത്തതിനെതിരെ വിമർശനമുയർന്നു കഴിഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



