
ബേപ്പൂര്‍ തുറമുഖ വികസനം ത്വരിതപ്പെടുത്താന്‍ തിരുവനന്തപുരത്ത് മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനം. തുറമുഖത്ത് അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ക്യാപിറ്റല്‍ ഡ്രഡ്ജിങ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടപടികള്‍ വേഗത്തിലാക്കാനും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
തുറമുഖത്തെ മഴവെള്ളക്കെട്ട് പരിഹരിക്കാന്‍ അഴുക്കുചാലുകള്‍ അടിയന്തരമായി ശുചീകരിക്കാനും ആവശ്യമെങ്കില്‍ പുതിയ ഡ്രൈനേജ് നിര്‍മിക്കാനുമുള്ള ഭരണാനുമതിക്കായി പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും മാരിടൈം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ലൈസന്‍സുള്ള തുറമുഖ തൊഴിലാളികളുടെ തൊഴില്‍പാസ്, ബന്ധപ്പെട്ട തൊഴിലാളി സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് കൈമാറാന്‍ അനുമതി നല്‍കും. ആശ്രിത നിയമനം നേരത്തെ വിലക്കിയിരുന്നതിനാല്‍ ഇത് പുന:സ്ഥാപിക്കണമെന്നതായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
തുറമുഖ വികസനത്തിന്റെ പ്രധാന ഘടകമായ ഡ്രഡ്ജിങ്ങിനായി പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കും. പുതിയ വാര്‍ഫ്, ക്യാപിറ്റല്‍ ഡ്രഡ്ജിങ് എന്നിവയുടെ ഭരണാനുമതിക്കായി സര്‍ക്കാറിലേക്ക് പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാനും മന്ത്രിമാര്‍ മാരിടൈം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഒരു മാസത്തിന് ശേഷം യോഗതീരുമാനങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തും.
തിരുവനന്തപുരത്ത് മന്ത്രി വി എന്‍ വാസവന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തുറമുഖ വകുപ്പ് സെക്രട്ടറി ഡോ.എ കൗശികന്‍, ജോയന്റ് സെക്രട്ടറി ടി കെ ശ്യാംകുമാര്‍, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സിഇഒ ഷൈന്‍ എ ഹഖ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



