കുറ്റിപ്പുറം : ഷൊര്‍ണ്ണൂരിനും കാരക്കാടിനുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ഏര്‍പെടുത്തിയ ട്രെയിന്‍ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലച്ചു. പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദക്കിയവക്ക് പുറമെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയോടിയതിനാല്‍ യാത്രക്കാര്‍ക്ക് സമയത്ത് എത്താന്‍ സാധിച്ചില്ല.
ഭാഗികമായി റദ്ധാക്കിയ നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ്സിലെ റിസര്‍വേഷന്‍ യാത്രക്കാരെ റെയില്‍വേ ഏര്‍പ്പെടുത്തിയ കെ എസ് ആര്‍ ടി സി ബസുകളില്‍ തൃശ്ശൂരില്‍ നിന്നും കുറ്റിപ്പുറത്ത് എത്തിച്ചു.
എന്നാല്‍ പകല്‍ 12 ഓടെ എത്തിയ യാത്രക്കാര്‍ക്ക് 2.10 ന് മാത്രമാണ് കുറ്റിപ്പുറത്തു നിന്നും ബദല്‍ വണ്ടിയില്‍ യാത്ര തുടരാനായത്. ഇതോടെ പലരും റെയില്‍വേ ഉദേ്യാഗസ്ഥരോട് തട്ടിക്കയറി. മംഗളൂരുവില്‍ നിന്നെത്തിയ ഏറനാട് എക്‌സ്പ്രസിലെ റിസ്ര്‍വ്ഡ് യാത്രക്കാരെ ബസ് മാര്‍ഗം പകല്‍ ഒന്നരയോടെ തൃശ്ശൂരിലേക്ക് കൊണ്ടു പോയി. ഇവര്‍ക്കും ഒരു മണിക്കൂറോളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു.
രാവിലെ എത്തിയ ചെന്നൈ-മംഗളൂരു മെയില്‍, എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ഉച്ചക്കു ശേഷം പരശുറാം എക്‌സ്പ്രസ്, എഗ്‌മോര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകിയാണ് സര്‍വ്വീസ് നടത്തിയത്.
പ്രവൃത്തി നടക്കുന്നതിനാല്‍ ഷൊര്‍ണ്ണൂര്‍ – കാരക്കാട് പാതയില്‍ ഒറ്റ ട്രാക്കില്‍ ട്രെയിനുകള്‍ കടത്തി വിടുമ്പോള്‍ ക്ലിയറിങ്ങിന്റെ ഭാഗമായി പിടിച്ചിടുന്നതാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം. വരും ദിവസങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ഈ താമസം കൂടാനും സാധ്യതയുണ്ട്.



