തൃശ്ശൂര്‍:സംസ്ഥാനത്ത് നാളെ കെഎസ്യ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളവര്‍മ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവര്‍ ഉള്‍പ്പെടെ 6 പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.




