ഇന്ന് പ്രസീതയുടെ വിവാഹം

തവനൂര്‍: മഹിളാമന്ദിരത്തിലെ പ്രസീത ഇന്നുമുതല്‍ അനാഥയല്ല. 11-നും 12-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പുറത്തൂര്‍ മാട്ടുമ്മല്‍വീട്ടില്‍ മഹേഷിന്റെ ജീവിതപങ്കാളിയാകുന്നതോടെ അവള്‍ സനാഥയാകും.

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തില്‍ കഴിഞ്ഞമാസമാണ് പ്രസീത എത്തിയത്. കാക്കഞ്ചേരിയിലായിരുന്നു ജനിച്ചുവളര്‍ന്നത്. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെ പിന്നീട്, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു പ്രസീതയുടെ ബാല്യകാലം. വലുതായപ്പോള്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലും. മഹിളാമന്ദിരത്തിന്റെ തിരുമുറ്റത്താണ് അവള്‍ക്കായി കതിര്‍മണ്ഡപമൊരുക്കിയിട്ടുള്ളത്. മന്ദിരത്തിലെ അന്തേവാസികളില്‍ മംഗല്യഭാഗ്യം വന്നുചേര്‍ന്ന പത്താമത്തെ ആളാണ് പ്രസീത. വിവാഹത്തിന്റെ ആഘോഷത്തിലാണ് കുറച്ചുദിവസങ്ങളായി മഹിളാമന്ദിരം.

കഴിഞ്ഞദിവസം പോലീസുകാരുടെ ഗാനമേളയുമുണ്ടായിരുന്നു.

മന്ത്രി വി. അബ്ദുറഹ്മാന്‍, കെ.ടി. ജലീല്‍ എം.എല്‍.എ., വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എ.എ. ഷറഫുദ്ദീന്‍, സൂപ്രണ്ട് എന്‍.ടി. സൈനബ എന്നിവര്‍ മുന്‍കൈയെടുത്താണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

Share news
error: Content is protected !!
Scroll to Top