
തിരൂര്‍: പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതര്‍പ്പണ ചടങ്ങ് ഇന്ന്. ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലിതര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടാനുള്ള സൗകര്യം ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ഇത്തവണ വിപുലമായ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങള്‍.
പിതൃസ്മരണയില്‍ തിരുന്നാവായ നാവാമുകുന്ദ സന്നിധിയില്‍ കര്‍ക്കടക വാവുബലി ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമുതല്‍ ആരംഭിച്ചു. തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ വാവുബലിക്കായി വെള്ളിയാഴ്ച വൈകിട്ടോടെ വിശ്വാസികളെത്തി. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
ബലിക്കായി പടിഞ്ഞാറെ നടയിലും ഗാന്ധി സ്മാരകത്തിനുസമീപത്തും രസീതി കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. 17 കര്‍മികളാണ് ബലികര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബലി ചടങ്ങിനുശേഷം ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നവര്‍ക്ക് കോയമ്പത്തൂര്‍ ഭക്തജന സമിതി പ്രാതലും ഒരുക്കി.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെളി അടിഞ്ഞുകൂടിയതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 45 ബലിത്തറകളാണ് ഇവിടെയുള്ളത്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉള്‍പ്പെടെ പൊലീസ്, ഫയര്‍ഫോഴ്‌സ് ബോട്ടുകള്‍ പട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലന്‍സ് സര്‍വീസ്, മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




