മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് 1016 പേര്‍ക്ക്

മലപ്പുറം : ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1016 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 929 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് 671 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതിനോടകം 17,880 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായത്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ജനപങ്കാളിത്തോടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ചികിത്സാ സംവിധാനങ്ങള്‍ വിപുലമാക്കിവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിരീക്ഷണത്തില്‍ 41,685 പേര്‍

41,685 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,335 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,717 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,74,255 സാമ്പിളുകളില്‍ 6,819 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 106 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ജാഗ്രത ഉറപ്പാക്കണം

അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. ഇങ്ങനെ ഇറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
error: Content is protected !!
Scroll to Top