ചെന്നൈ: വീടിനുള്ളിലെ ചിതലിനെ തീയിട്ട് കൊല്ലാനുള്ള മാതാപിതാക്കളുടെ ശ്രമത്തിനിടെ മകള്‍ പൊള്ളലേറ്റു മരിച്ചു. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ പല്ലാവരത്താണ് സംഭവം. ഹുസൈന്‍ ബാഷ, ആയിഷ എന്നിവരുടെ മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്.
പെയിന്റിങ് തൊഴിലാളിയായ ഹുസൈന്‍ ബാഷ ചിതലിനെ കൊല്ലാനായി വീടിന്റെ വാതിലുകളിലും ചുവരുകളിലും പെയിന്റിലൊഴിക്കുന്ന തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ നിയന്ത്രണാതീതമായി ആളിപ്പടര്‍ന്നു. ദമ്പതികള്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. ദമ്പതികള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് വാതില്‍ കുത്തിത്തുറന്ന് മൂവരെയും പുറത്തെത്തിച്ചത്. പല്ലാവരം താംബരം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വീട്ടുസാധനങ്ങളെല്ലാം കത്തിനശിച്ചു.




