ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായി സ്വയംഭരണ, എക്‌സൈസ് വകുപ്പുകള്‍ക്ക് സാധിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി നഗരനയം ആവിഷ്‌കരിച്ചത് കേരളത്തിലാണെന്നും അടുത്ത 25 വര്‍ഷത്തെ കേരളത്തിന്റെ വികസന ദിശ നിര്‍ണയിക്കുന്ന ഒന്നാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ വരെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മാലിന്യമലകള്‍ നീക്കം ചെയ്ത് 70 ഏക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ഇതിനകം വീണ്ടെടുത്തത്. കൂടാതെ ബി.പി.സി.എല്ലുമായി ചേര്‍ന്ന് സംസ്ഥാനത്ത് 7 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റുകള്‍ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കെ-സ്മാര്‍ട്ട് സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി എന്നതാണ് മറ്റൊരു പ്രധാന നേട്ടം. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ലൈസന്‍സ് ചട്ടങ്ങള്‍ പൂര്‍ണ്ണമായി മാറ്റി ലഘൂകരിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലും ഇളവുകള്‍ വരുത്തി, 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് ഒരു മിനിറ്റില്‍ പെര്‍മിറ്റ് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി. കെ-സ്മാര്‍ട്ട് വഴി അതിവേഗത്തില്‍ ഒരു കോടിയിലധികം ഫയലുകളാണ് സര്‍ക്കാര്‍ തീര്‍പ്പാക്കിയത്. എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകയും ലഭിച്ച 17,000-ത്തിലധികം പരാതികളില്‍ 90 ശതമാനവും പരിഹരിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ ഒരു ദേശീയ മാതൃകയായി അംഗീകരിച്ചു. അറുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ നിലവില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കിവരുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘കെ-ഇനം’ എന്ന പുതിയ ബ്രാന്‍ഡില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി. ഇതിനുപുറമെ കേരള ചിക്കന്‍ പദ്ധതി 100 കോടി രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ മൈക്രോപ്ലാനിലൂടെ പുനരധിവസിപ്പിക്കുന്നതിലും കുടുംബശ്രീ സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ലോക്കല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി ആയിരക്കണക്കിന് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ റോഡുകളുടെ കൃത്യമായ വിവരശേഖരണത്തിനായി ജി.ഐ.എസ് അധിഷ്ഠിതമായി സ്മാര്‍ട്ട് ട്രാക്ക് സംവിധാനം നടപ്പിലാക്കിയതായും മന്ത്രി സൂചിപ്പിച്ചു. വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മയക്കുമരുന്ന് കേസുകളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ദേശീയ ശരാശരി 78 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ 98 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുന്നുണ്ട്. കുറ്റക്കാര്‍ക്ക് 25 മുതല്‍ 34 വര്‍ഷം വരെ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. വലിയ ഗൗരവമുള്ള കേസുകള്‍ അന്വേഷിക്കുന്നതിനായി എക്സൈസില്‍ പ്രത്യേകമായി ക്രൈം ബ്രാഞ്ച് രൂപീകരിച്ചതായും അത് ഗുണകരമായതായും മന്ത്രി അഭിപ്രായപ്പെട്ടു.
എക്സൈസ് സേനയ്ക്ക് ആയുധങ്ങള്‍ ലഭ്യമാക്കിയും സൈബര്‍ സെല്‍ നവീകരിച്ചും സേനയെ ആധുനികവല്‍ക്കരിച്ചു. 2021 മുതല്‍ ഇതുവരെ 247 പുതിയ തസ്തികകള്‍ വകുപ്പില്‍ സൃഷ്ടിച്ചിട്ടുണ്ട്. 2021 മെയ് മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ 1353 പേര്‍ക്ക് നിയമനം നല്‍കി. കൂടാതെ സേനയില്‍ വനിതാ പ്രാതിനിധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
കേരളം നടപ്പിലാക്കിയ ‘വിമുക്തി’ പദ്ധതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഉള്‍പ്പെടെ പ്രശംസ നേടി ദേശീയ മാതൃകയായി മാറി. ലഹരിക്കെതിരെ ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചു. സ്‌കൂളുകളിലും കോളേജുകളിലുമായി ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍, ‘നേര്‍ക്കൂട്ടം’, ‘ശ്രദ്ധ’, സ്പോര്‍ട്സിലൂടെ ലഹരി വിമുക്തി ലക്ഷ്യമിടുന്ന ‘ഉണര്‍വ്’ തുടങ്ങിയ പദ്ധതികളും വിജയകരമായി നടപ്പിലാക്കി.
കേരളത്തിലെ 14 ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകളും കൗണ്‍സിലിംഗ് കേന്ദ്രങ്ങളും ആരംഭിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ചികിത്സയും സഹായവും നല്‍കി. ഇതിന് പുറമെ, ആദിവാസി മേഖലകളില്‍ എക്സൈസ് വകുപ്പ് നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലൂടെ നിരവധി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ളവ ലഭിക്കാന്‍ സാഹചര്യമൊരുക്കി.
മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എക്സൈസിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍’ പദ്ധതിയിലൂടെ മയക്കുമരുന്ന് ശൃംഖലകളെ തകര്‍ക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള ആന്‍ഡമാന്‍, ഹൈദരാബാദ്, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നേരിട്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യാനും ലഹരിമരുന്ന് കേന്ദ്രങ്ങള്‍ തകര്‍ക്കാനും നമ്മുടെ സേനയ്ക്ക് സാധിച്ചു. സംസ്ഥാന തലത്തില്‍ ഒരു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രായോഗികമായ മദ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, എക്‌സൈസ് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു





