Section

malabari-logo-mobile

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭാ ബജറ്റ്

HIGHLIGHTS : Tirurangadi municipal budget with emphasis on solving drinking water shortage

തിരൂരങ്ങാടി : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭാ ബജറ്റ്. ജല അതോറിറ്റി ലൈന്‍ അഭിവൃദ്ധിപ്പെടുത്തുവാനും പൊതുകുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുവാനും നിലവിലുള്ള പൊതുകിണറുകള്‍ സംരക്ഷിക്കുന്നതിനായി അമൃത് 2.0 പദ്ധതി, നഗര സഞ്ചയം എന്നിവയുടെ വിഹിതം ഉള്‍പ്പെടെ പതിനാല് കോടി നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.

2024-25 വര്‍ഷത്തെ ബജറ്റില്‍ മുന്‍ബാക്കി നീക്കിയിരിപ്പായ 7 കോടി 29 ലക്ഷത്തി അറുപത്തി നാലായിരത്തി എണ്ണൂറ്റി അമ്പത്തി രണ്ട് രൂപയും ബജറ്റ് വര്‍ഷത്തെ ആകെ പ്രതീക്ഷിത വരവായി 55 കോടി 22 ലക്ഷത്തി പതിമൂന്നായിരത്തി എഴുനൂറ്റി അമ്പത് രൂപ ഉള്‍പ്പെടെ ആകെ വരവ് 62 കോടി 51 ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുനൂറ്റി രണ്ട് രൂപയില്‍ 56 കോടി 51 ലക്ഷത്തി അയ്യായിരത്തി അറുനൂറ്റി പത്ത് രൂപ പ്രതീക്ഷിത ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 6 കോടി എഴുപത്തി രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് രൂപ മിച്ചമാണ്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 50 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്.

sameeksha-malabarinews

ആരോഗ്യ, ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയ്ക്ക് നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് മനസിലാക്കുന്നു. ആയതിനാല്‍ നഗര ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വഴി 1 കോടി 61 ലക്ഷം രൂപയും താലൂക്ക് ആശുപത്രി, ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി, നഗര ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 1 കോടി 53 ലക്ഷം രൂപയും പൊതു ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി 25 ലക്ഷം രൂപയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷം രൂപയും ഈ ബജറ്റില്‍ വകയിരുത്തുന്നു. കൂടാതെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി 75 ലക്ഷം രൂപ വകയിരുത്തുന്നു.
ഇതിന് പുറമെ നഗരസഭയുടെ അധീനതിയിലുള്ള മൃഗാശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 8 ലക്ഷം രൂപ നീക്കി വെക്കുന്നു.
നഗരസഭയിലെ മൈലിക്കല്‍ ശ്മശാനം ആധുനികവത്കരിക്കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തുന്നു.

ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്നും പണം സ്വരൂപിച്ച് ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതാണ്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ലക്ഷത്തി എഴുപതിനായിരം രൂപയും വകയിരുത്തി.നഗരസഭയിലെ വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ബജറ്റില്‍ 9 കോടി രൂപ വകയിരുത്തുന്നു.

മെച്ചപ്പെട്ട വിദ്യഭ്യാസമാണ് ഏതൊരു നാടിന്റെയും വികസനത്തിന്റെയും ഉന്നമനത്തിന്റെയും അടിസ്ഥാനം. അത് കൊണ്ട് തന്നെ തിരൂരങ്ങാടിയിലെ സ്‌കൂളുകളുടേയും മറ്റ് വിദ്യാഭ്യാസ, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സവിശേഷ പരിഗണനയാണ് ഈ ബജറ്റില്‍ ലക്ഷ്യം വെക്കുന്നത്. ആകെ 83 ലക്ഷം രൂപ മാറ്റി വെക്കുന്നു.

നഗരസഭയിലെ നിലവിലുള്ള തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികള്‍ക്കും പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുമായി 30 ലക്ഷം രൂപ മാറ്റി വെക്കുന്നു. ഏതൊരു നഗരത്തിന്റെയും നാഡീഞരമ്പുകളാണ് റോഡുകള്‍. ആയതിനാല്‍ നഗരസഭയിലെ റോഡുകള്‍ക്കായി മുന്തിയ പരിഗണനയാണ് ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. നഗരസഭയുടെ 39 വാര്‍ഡുകളിലായി പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കുമായി ആകെ 2 കോടി 44 ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ മാറ്റി വെക്കുന്നു.

തിരൂരങ്ങാടി നഗരസഭയുടെ ഒരു സ്വപ്ന പദ്ധതിയാണ് നഗരസഭയുടെ ആസ്തി വികസനത്തിന്റെ ഭാഗമായി ചെമ്മാട് ടൗണില്‍ ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുക എന്നത്. അതിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ബജറ്റ് വര്‍ഷത്തില്‍ പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അന്തിമ ഘട്ട പ്രര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.
നഗരസഭയിലെ വിവരശേഖരണത്തിനായി ജി.ഐ.എസ് (മാപ്പിംഗ്) ഉപയോഗിച്ചുള്ള സര്‍വ്വേ നടത്തി വസ്തു നികുതി കാലികമാക്കി തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.
ചെയര്‍മാന്‍ കെ പി മുഹമ്മത് കുട്ടി അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ കാലൊടി സുലൈഖ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!