തിരൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം: പിഞ്ചുകുഞ്ഞിന്റെ അരഞ്ഞാണമുള്‍പ്പെടെ സ്വര്‍ണവും പണവും കവര്‍ന്നു

തിരൂര്‍: തൃക്കണ്ടിയൂരില്‍ വീടുകുത്തിത്തുറന്ന് മോഷണം. പിഞ്ചുകുഞ്ഞിന്റെ അരഞ്ഞാണമുള്‍പ്പെടെ മൂന്നരപവന്റെ ആഭരണവും പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ തറമ്മല്‍ കുന്നേക്കാട്ട് മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദലിയുടെ ഏഴ് മാസം പ്രായമുള്ള പേരക്കുഞ്ഞിന്റെ അരഞ്ഞാണവും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തത്. തുടര്‍ന്ന് മുഹമ്മദലിയുടെ ഭാര്യയുടെ വള മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പണവും ഇവിടെ നിന്ന് മോഷ്ടിച്ചിട്ടുണ്ട്.വീട്ടിലെ എല്ലാ മുറികളിലെയും അലമാകളും തുറന്ന് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles