ബത്തേരി നഗരത്തില്‍ വീണ്ടും പുലിഭീതി; കൂട് തകര്‍ത്ത് കോഴികളെ കൊന്നു

ബത്തേരി: ബത്തേരി നഗരത്തില്‍ വീണ്ടും പുലിസാന്നിധ്യം. മൈസൂരു റോഡിലെ കോട്ടക്കുന്ന് പോള്‍ മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടില്‍ തിങ്കള്‍ അര്‍ധരാത്രി പുലി എത്തിയതിന്റെ ദൃശ്യം വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. കോഴിക്കൂടിന്റെ വല തകര്‍ത്ത് പുലി കോഴികളെ പിടികൂടുന്ന ദൃശ്യങ്ങളാണ് കാമറയിലുള്ളത്. കൂട്ടില്‍നിന്ന് ഏഴ് കോഴികളെ കാണാതായിട്ടുണ്ട്. ഒരു കോഴിയുടെ ജഡം വീട്ടുവളപ്പില്‍ കണ്ടെത്തി.

രാത്രി പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് പോള്‍ മാത്യു വീടിന് പുറത്തിറങ്ങിയപ്പോള്‍ തകര്‍ന്ന കൂടിനു പുറത്ത് കോഴികളെ കണ്ടെത്തി. പിന്നീട് സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് പുലി കോഴികളെ കൂട്ടില്‍ നിന്ന് പിടിക്കുന്നതിന്റെ ദൃശ്യം കിട്ടിയത്.

രണ്ടാഴ്ചമുമ്പ് തൊട്ടടുത്ത ഫെയര്‍ലാന്‍ഡ് പ്രദേശത്ത് പുള്ളിപ്പുലി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം സമീപത്തെ വീടുകളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. വനപാലകര്‍ രണ്ടുദിവസം പരിസരത്തെ പറമ്പുകളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top