
മാനന്തവാടി : നഗരസഭയിലെ ചിറക്കരയിൽ ജനവാസ മേഖലയിൽ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. ബുധൻ രാത്രി 9.30 ഓടെയാണ് പ്രദേശവാസിയായ ഷഹലാസ് ജോലിക്കുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചിറക്കര എസ്റ്റേറ്റ് എണ്ണപ്പനത്തോട്ടത്തിൽ കടുവയെ കണ്ടത്.
ഷഹലാസ് മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്. തുടർന്ന് രാത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തി. വ്യാഴം രാവിലെയും വനംവകുപ്പ് പരിശോധന തുടർന്നു. റാപ്പിഡ് റെസ്പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 21 അംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
പരിശോധനയിൽ പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. വിവിധയിടങ്ങളിലായി 11 കാമറകൾ സ്ഥാപിച്ചു. വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ചിറക്കരയിൽ മൈക്ക് അനൗൺസ്മെന്റ്റിലൂടെ മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. ജനവാസമേഖലയിൽനിന്നും ഏകദേശം 200 മീറ്റർ അകലെയാണ് കടുവയെ കണ്ടത്. കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വരും ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നും കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ചർ പി സു ബൈർ പറഞ്ഞു. മുമ്പും ചിറക്കരയിൽ കടുവ എത്തുകയും കഴിഞ്ഞ വർഷം പശുക്കിടാവിനെ കൊന്നുതിന്നുകയും ചെയ്തിരുന്നു. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിലകപ്പെട്ടിരുന്നില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




