Section

malabari-logo-mobile

തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ്, സ്ഥിരീകരിച്ചു, രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം

HIGHLIGHTS : Thrissur youth's cause of death confirmed to be monkeypox, country's first monkeypox death

തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.

sameeksha-malabarinews

രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!