തൃശൂര്‍ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂരില്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.

കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികള്‍. വന്ദേഭാരതിന്റെ അലയൊലികള്‍ മുതല്‍ ഹിറ്റ് സിനിമയായ രോമാഞ്ചം വരെ കരിമരുന്നിലും തരംഗമാകും. ട്രെയിനോടുന്ന മട്ടില്‍ മാനത്ത് പൊട്ടിവിരിയുന്ന അമിട്ടുകളാണ് സാംപിളിന്റെ പ്രധാന ആകര്‍ഷണം. പല വര്‍ണങ്ങളിലുള്ള നിലയമിട്ടുകളടക്കം ഒട്ടേറെ കൗതുകങ്ങള്‍ പാറമേക്കാവും തിരുവമ്പാടിയും കാത്തു വെച്ചിട്ടുണ്ട്.
റെഡ് ലീഫ്, ഫ്ളാഷ്, സൂര്യകാന്തി, പരമ്പരാഗത നിലയമിട്ടുകള്‍, ബഹുവര്‍ണ അമിട്ടുകള്‍ തുടങ്ങിയവയൊക്കെ അണിയറയില്‍ തയ്യാറാണ്. അമിട്ടുകള്‍ക്ക് പുറമേ ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം എന്നിവയുമുണ്ടാകും.

ഓരോ പൂരത്തിന്റെയും പ്രധാന വെടിക്കെട്ടില്‍ പൊട്ടിക്കുന്ന പുതുമയുള്ള അമിട്ടുകളുടെ സൂചനാ പ്രകടനമാണ് സാമ്പിളില്‍ കാഴ്ചവയ്ക്കുക. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. പൂരനാളായ 30 ന് ശേഷം മെയ് ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രധാന വെടിക്കെട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top