മലപ്പുറം ജില്ലയില്‍ മൂന്ന് മലമ്പനി കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയില്‍ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് ഗൃഹസന്ദര്‍ശന സര്‍വ്വേ നടത്തുകയും, രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍വീണ്ടും രണ്ട് മലമ്പനി കേസുകള്‍ കണ്ടെത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോട് കൂടി പൊന്നാനിയില്‍ മൂന്ന് മലമ്പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പൊന്നാനിയിലും പരിസരങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. നഗരസഭയില്‍ രോഗം കണ്ടെത്തിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് കൊതുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്ന് വരുന്നുണ്ട്.
രാത്രി കാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുവാനും വീടുകളില്‍ കൊതുകു നശീകരണ സാമഗ്രികള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കത്തവര്‍ക്കും രോഗം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശന രക്ത പരിശോധയില്‍ പങ്കാളിയാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
സ്ഥലത്ത് ഉറവിടനശീകരണം, ഫോഗിങ്, സ്‌പ്രേയിങ്ങ് എന്നീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവത്തകരെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആഴ്ച തുടര്‍ച്ചയായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളില്‍ നിന്നും വരുന്നവരും രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
_എന്താണ് മലമ്പനി:_
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെടുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍ , പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യന്റെ രക്തത്തില്‍ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്.
_രോഗലക്ഷണങ്ങള്‍:_
വിറയലോട് കൂടിയ പനി, കുളിര്, തലവേദന, മേലുവേദന, ക്ഷീണം, മനം പിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മസ്തിഷ്‌കം, കരള്‍ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
_രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:_
* കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക .
* ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
* വീടിന് പുറത്ത് ഉറങ്ങുന്നത് ഒഴിവാക്കുക.
* കൊതുകുകടി പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങള്‍ പുരട്ടുക.
* ജലസംഭരണികള്‍ കൊതുക് കടക്കാത്തവിധം അടച്ചു സൂക്ഷിക്കുക.
* തീരപ്രദേശത്ത് കയറ്റി വച്ചിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
* മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളില്‍ നിന്നും വരുന്നവരും രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു.
* ഇത്തരം യാത്രകള്‍ നടത്തിയവരും ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവരും രക്ത പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പു വരുത്തുക.
* ഒരു മാസത്തിനുള്ളില്‍ പനി വന്നിട്ടുള്ളവരും രക്ത പരിശോധന നടത്തേണ്ടതാണ്.
* കൊതുക് നശീകരണം, കൊതുകിന്റെ ഉറവിട നശീകരണം, എന്നിവ പതിവാക്കുക.
* ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
* രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ശാസ്ത്രീയ ചികിത്സ സ്വീകരിക്കുക.




