ഇടുക്കി: രാജകുമാരിയില്‍ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ്‍ – ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കാണാതായത്.
കുട്ടിയുടെ മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നെ കാണാതായ കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ ഏലത്തോട്ടത്തില്‍ നിന്ന് തന്നെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഒരു രാത്രി നീണ്ടുനിന്ന തിരച്ചിലിലാണ് കണ്ടെത്തിയത്.
കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.




