HIGHLIGHTS : This is the first time a minister has come to us: Last grade employees sharing happiness
തിരുവനന്തപുരം :തിരുവോണ ദിവസം ആശുപത്രികളില്‍ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികളില്‍ എത്തിയപ്പോള്‍ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ചിലര്‍ മന്ത്രിയോട് സന്തോഷം തുറന്ന് പറഞ്ഞു. എത്ര വലിയ ആളായിട്ടും ഞങ്ങളെപ്പോലെയുള്ളവരെ ഇങ്ങോട്ട് വന്ന് കണ്ടതില്‍ സന്തോഷമെന്ന് എസ്.എ.ടി. ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഹെലന്‍ പറഞ്ഞു. ഒരു മന്ത്രി ഞങ്ങളെ കാണാന്‍ വരുന്നത് ആദ്യമാണ്. ഞങ്ങളോടൊപ്പം എന്നല്ലേ പറയാറ്, ഇപ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും ഹെലന്‍ സന്തോഷത്തോടെ അറിയിച്ചു.
ഹെലന്റെ കൈപിടിച്ച് മന്ത്രി അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. തന്റെ മണ്ഡലത്തിന്റെ അതിര്‍ത്തിയിലാണ് വീടെന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷം. ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിന്ന് മന്ത്രി സെല്‍ഫിയുമെടുത്തു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ജനറല്‍ ആശുപത്രിയിലുമാണ് മന്ത്രി തിരുവോണ ദിവസം സന്ദര്‍ശനം നടത്തിയത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ അപ്രതീക്ഷിത സന്തര്‍ശനവും ഓണ സമ്മാനവും ജീവനക്കാര്‍ ഒട്ടും പ്രതീക്ഷിച്ചില്ല.