തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹര്‍ജി സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹരജിയും സമിതി ചെയര്‍മാന്‍ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാന്‍ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

പുതിയ ജില്ല രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. 1984 ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി. തമിഴ്നാടും, കര്‍ണ്ണാടകയും, ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കി.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത മോണ്‍സിങ്ങര്‍ ഫാദര്‍ ജി. ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികള്‍, കെ.ആന്‍സലന്‍ എം.എല്‍.എ, സി.എസ്.ഐ സഭ മുന്‍ സെക്രട്ടറി ഡി.ലോറന്‍സ്, കാരോട് എസ്.അയ്യപ്പന്‍ നായര്‍, കൈരളി ജി. ശശിധരന്‍, അഡ്വ. എം. മുഹീനുദ്ദീന്‍, കാരോട് പത്മകുമാര്‍, കാരോട് സുധാകരന്‍ നായര്‍, ആര്‍. ജയകുമാര്‍, കെ. ശശിധരന്‍ നായര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top