Section

malabari-logo-mobile

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു; പ്രവര്‍ത്തനം വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ് 

HIGHLIGHTS : Thiruvananthapuram Medical College opens new emergency department; Minister Veena George evaluated the work

തിരുവനന്തപുരം: ഇന്ന് പ്രവര്‍ത്തനം ആരംഭിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചപ്പോഴുള്ള പോരായ്മകള്‍ മന്ത്രിക്ക് നേരിട്ട് ബോധ്യമായതിനെ തുടര്‍ന്ന് എത്രയും വേഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായത്. പുതിയ അത്യാഹിത വിഭാഗം കോവിഡ് സാഹചര്യത്തിലാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകിയത്.

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏകീകൃത അത്യാഹിത വിഭാഗ ചികിത്സയാണ് സജ്ജമാക്കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങളില്‍ രോഗിയെ ട്രോളിയില്‍ കൊണ്ടു പോകേണ്ടതില്ല. വിപുലമായ ട്രയേജ് സംവിധാനം, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ലെവല്‍ വണ്‍ ട്രോമ കെയര്‍ സംവിധാനം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയത്. പുതിയ അത്യാഹിത വിഭാഗത്തിനായി 108 ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഈ അത്യാഹിത വിഭാഗം രോഗികളെ വളരെ വേഗത്തില്‍ എത്തിക്കുന്നതിനും സാധിക്കും. ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ലോകോത്തര നിലവാരമുള്ള ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യമിടുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. റെഡ് സോണ്‍, യെല്ലോ സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ തരം തിരിച്ചാണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പ് വരുത്തുന്നത്. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. രണ്ട് ഐ.സി.യു.കളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഡിജിറ്റല്‍ എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനറുകള്‍, ഡോപ്ളര്‍ മെഷീന്‍, മൂന്നു സിടി സ്‌കാനറുകള്‍, എംആര്‍ഐ എന്നിവയും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായുണ്ട്. സ്ട്രോക്ക് യൂണിറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതു കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ സമഗ്ര സ്ട്രോക്ക് ചികിത്സയും അത്യാഹിത വിഭാഗത്തില്‍ തന്നെ ലഭ്യമാകും.

കോവിഡ് നിയന്ത്രണ വിധേയമാണ്. പൂര്‍ണമായും വ്യാപനം അവസാനിക്കും വരെ ജാഗ്രത തുടരേണ്ടതാണ്.

വിഴിഞ്ഞത്ത് പണം വാങ്ങി അവയവം നല്‍കിയതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഗൗരവകരമായ വിഷയമാണ്. അസ്വാഭാവികവും അസാധാരണവുമായി ഒരു പ്രദേശം കേന്ദ്രീകരിച്ച് ദാതാക്കള്‍ കൂടുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!