തിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; 5 പേര്‍ കസ്റ്റഡിയില്‍; മുഖ്യ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയുടെ കൊലപാതക കേസില്‍ 5 പേര്‍ കസ്റ്റഡിയില്‍. ദേവസ്വം ലൈനില്‍ താമസിക്കുന്ന മനോരമ (60) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കാണാതായ മനോരമയുടെ മൃതദേഹം, രാത്രി വൈകി സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപത്തായി താമസിച്ചിരുന്ന മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശി ആദം അലിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ആദം അലിക്ക് ഒപ്പം താമസിച്ചിരുന്ന 4 പേരെ പൊലീസ് ചോദ്യം ചെയ്തു. മനോരമയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്ന വീടാണ് മനോരമയുടേത്. ഒളിവില്‍പ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയും ഭര്‍ത്താവുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവ സമയം മനോരമ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ വീടിനോട് ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡ്.  മനോരമയെ കാണാനില്ലെന്ന പരാതിയില്‍ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഇന്നലെ വൈകീട്ടോടെയാണ് ദേവസ്വം ലൈനില്‍ താമസിക്കുന്ന മനോരമായ്ക്കായി അയല്‍വാസികള്‍ തെരച്ചില്‍ തുടങ്ങിയത്. ഉച്ചയ്ക്ക് സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീ, മനോരമയുടെ വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസികളില്‍ ഒരാള്‍ മനോരമയുടെ വീട്ടില്‍ എത്തി നോക്കിയെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല. വൈകീട്ടും ആളനക്കം കാണാതിരുന്നതോടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്.

ഇതിനിടെ മനോരമയുടെ വീടിന് തൊട്ടു അപ്പുറത്ത് കെട്ടിടം പണിക്കായി താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ തൊഴിലാളി ആദം അലിയെ കാണാനില്ലെന്ന വിവരവും പുറത്തു വന്നു. മനോരമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടെന്ന് കൂടി മനസിലായതോടെയാണ് സംശയം ബലപ്പെട്ടത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ അപ്പുറത്തെ കിണറ്റില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തി.

Share news
error: Content is protected !!
Scroll to Top