HIGHLIGHTS : Thiruvampadi Devaswom wants clarity in the guidelines issued by the High Court in Ana Ezhunnallip
തൃശൂര്‍:ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തത വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. മഠത്തില്‍ വരവടക്കം നിലവിലെ നിര്‍ദ്ദേശപ്രകാരം നടത്താന്‍ കഴിയില്ലെന്നും ആനകള്‍ക്ക് അടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന് നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണ്. ആനയില്‍ നിന്നും മുന്‍പില്‍ നിന്നാണോ പിറകില്‍ നിന്നാണോ എട്ടു മീറ്റര്‍ പാലിക്കേണ്ടത് എന്ന് ഉത്തരവില്‍ വ്യക്തതയില്ല.
ഒരു വര്‍ഷം ഒരു ആന 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകും. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ദേവസ്വത്തിന് പറയാനുള്ളത് കോടതി കേട്ടിട്ടില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആന എഴുന്നള്ളിപ്പില്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.