കൃഷിവൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ച് തിരുവമ്പാടി കാര്‍ഷിക ടൂറിസം സര്‍ക്യൂട്ട് യാത്ര

കോഴിക്കോട്:വിവിധതരം കൃഷികളെയും കൃഷിരീതികളെയും അടുത്തറിയാന്‍ ഫാം ടൂര്‍ ഒരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി പഞ്ചായത്തും തിരുവമ്പാടി കലാ-സാംസ്‌കാരിക സമിതിയും ഇരവഞ്ഞിവാലി ടൂറിസം ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പും ചേര്‍ന്നാണ് തിരുവമ്പാടി ഫാം ടൂറിസം സര്‍ക്യൂട്ടിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്.

പെരുമാലിപ്പടിയില്‍ പ്ലാത്തോട്ടത്തില്‍ ജയ്‌സന്റെ ഉടമസ്ഥതയിലുള്ള ലെയ്ക് വ്യൂ ഫാം സ്റ്റേയില്‍നിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷിയെ കലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദാഹരണമായ മുട്ടത്തുകുന്നേല്‍ ബോണിയുടെ ‘ഗ്രെയ്‌സ് ഗാര്‍ഡന്‍, മൂന്ന് തവണ സംസ്ഥാന അവാര്‍ഡ് നേടിയ കൈതക്കുളം സെലിന്‍ വില്‍സന്റെ മലബാര്‍ എഗ്ഗര്‍ ഫാം, പുരയിടത്തില്‍ ജോസിന്റെ ആടുവളര്‍ത്തല്‍ ഫാം, കര്‍ഷകശ്രീ ജേതാവായ സാബു തറക്കുന്നേലിന്റെ തറക്കുന്നേല്‍ ഗാര്‍ഡന്‍സ്, കേരകേസരി, കര്‍ഷകോത്തമ ജേതാവ് ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ സമ്മിശ്ര കൃഷിയിടമായ കാര്‍മല്‍ അഗ്രോ ഫാം, ദേവസ്യ മുളക്കലിന്റെ ഗ്രീന്‍ ഫാം വില്ലാസ് എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര.

ഓരോ കൃഷിയിടത്തെയും ഓരോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക വഴി കര്‍ഷകരുടെയും നാടിന്റെ പൊതുവായുമുള്ള വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കാഫ്റ്റ് സൊസൈറ്റിയുടെ കീഴില്‍ നടത്തി വരുന്ന ഫാം ടൂറിസം പദ്ധതി.
ഇതിന്റെ ഏറ്റവും ജനകീയവും ആകര്‍ഷകവുമായ പതിപ്പാണ് ഇപ്പോള്‍ തിരുവമ്പാടി പഞ്ചായത്തില്‍ നടപ്പാക്കി വരുന്നത്.

കാഴ്ചയുടെ മനോഹാരിതക്കും മാനസിക ഉല്ലാസത്തിനുമൊപ്പം കൃഷി സംബന്ധമായ ആധികാരിക പഠനവും ഈ യാത്രയിലൂടെ സാധ്യമാകുന്നു. തെങ്ങ്, ജാതി, സമ്മിശ്ര കൃഷികള്‍, അലങ്കാര ചെടികള്‍, മത്സ്യ കൃഷി, അലങ്കാര മത്സ്യകൃഷി, ആട് കൃഷി തുടങ്ങി വിവിധ കാര്‍ഷിക ഫാമുകളിലേക്കാണ് സന്ദര്‍ശനം ഒരുക്കുന്നത്. കാര്‍ഷികവൃത്തി നടത്തുന്നതിനൊപ്പം കൃഷിയിടത്തെ എങ്ങനെ ടൂറിസം കേന്ദ്രമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവമ്പാടി ഫാം ടൂറിസം സര്‍ക്യൂട്ട് ഫാമുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിന് പുറത്ത് നിന്നും ധാരാളം ആളുകള്‍ ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.

പരിപാടിക്ക് വാര്‍ഡ് മെമ്പര്‍മാരായ ലിസി മാളിയേക്കല്‍, അപ്പു കോട്ടയില്‍ ലിസി സണ്ണി, ഷൈനി ബെന്നി, ഫെഡറല്‍ ബാങ്ക് മാനേജര്‍ രഞ്ജിത്ത്, കാവാലം ജോര്‍ജ്, അജു എമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top