തിരൂരങ്ങാടിയില്‍ കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

തിരൂരങ്ങാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി പ്ലസ് ടു ക്ലാസ് കഴിയുന്നതിന്റെ ഭാഗമായി ആഘോഷങ്ങക്ക് വേണ്ടി ബൈക്കുമായി വന്ന കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായി. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും പരിസരങ്ങളില്‍ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഡൈവര്‍മാര്‍ പിടിയിലായത്.

മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് മുന്‍പില്‍ ‘ഓപ്പറേഷന്‍ ഷോ ബോട്ട് ‘ എന്ന പേരില്‍ പരിശോധന നടത്തുന്നതിന് ഭാഗമായിട്ടാണ് തിരൂരങ്ങാടിയിലും പരിശോധന നടത്തിയത്. പരിശോധനയില്‍ കുട്ടികള്‍ കൊണ്ടുവന്ന 10 ബൈക്കുകള്‍ മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളും കുട്ടികളും മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ ഐ ഡി ടി ആറിലെ ക്ലാസിനുശേഷം പിഴ ഈടാക്കിയ ശേഷം മാത്രമേ വാഹനം വിട്ടു കൊടുക്കുകയുള്ളൂ. പിടിച്ചെടുത്ത ബൈക്കുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.

ജില്ലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കൈകളില്‍ വാഹനങ്ങള്‍ ഏല്‍പ്പിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. അനുമതിയില്ലാതെ പരസ്യം നല്‍കിയ ഒരു വാഹനവും ലൈസന്‍സില്ലാതെ വാഹനമോടിച്ച നാല് പേര്‍ക്കെതിരെയും, ഇന്‍ഷുറന്‍സ് ഇല്ലാത്ത 3പേര്‍ക്കെതിരെയും,ഹെല്‍മെറ്റ് ധരിക്കാത്ത 12 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ എട്ടുപേര്‍ക്ക് എതിരെയും തുടങ്ങി 26 കേസുകളില്‍ നിന്നായി 25000 രൂപ പിഴ ഈടാക്കി.

ജില്ലാ ആര്‍ടിഒ അനൂപ് വര്‍ക്കി യുടെയും എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ടിഒ ടിജി ഗോകുലിന്റെയും തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സാജു എ ബക്കറിന്റെയും നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി എം വി ഐ സുനില്‍ ബാബു, എ എം വി ഐ മാരായ അബ്ദുല്‍കരീം ചാലില്‍, ടി പി സുരേഷ് ബാബു, ഷാജില്‍ കെ രാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top