തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി എന്‍ എച്ച് എം വഴിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. സി പി ഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തിരൂരങ്ങാടി താലൂക്കാശുപത്രിക്ക് പുറമെ ജില്ലയിലെ അരീക്കോട്, വണ്ടൂര്‍ താലൂക്കാശുപത്രികള്‍ക്കും വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറക്കുന്നുണ്ട്.
ഇതിനായി മൂന്ന് ആശുപത്രികള്‍ക്കുമായി 15 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം എത്തും. അധികൃതരുമായി ചര്‍ച്ച നടത്തിയാകും വികസന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുക. തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചായിരിക്കും ഭാവി വികസനം.
സംസ്ഥാനത്ത് ആകെ 14 ജില്ലകളിലായി 27 ആശുപത്രികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി 210 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.




