പി ശശിയുടെ നിയമനത്തില്‍ ഒരു അയോഗ്യതയുമില്ലെന്നും എതിരഭിപ്രായങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഐക്യകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. വിവാദവും എതിരഭിപ്രായവുമില്ലെന്നും നിയമനത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. അതേസമയം ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ലെന്നും തെറ്റുതിരുത്തി വരുന്നവരെ ഒപ്പം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി വിപുലികരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത്. എന്നാല്‍ തൊട്ട് പിന്നാലെ ശശിയുടെ നിയമനത്തില്‍ വിവാദം ഉണ്ടെന്ന നിലയില്‍ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയായിരുന്നു.




