നടന്‍ ശബരിനാഥ് വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. ശബരിയുടെ ഓര്‍മ്മദിവസം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ഓര്‍മ്മക്കുറിപ്പും പങ്കുവച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സാജന്‍ സൂര്യ. സൗഹൃദങ്ങളെ മനോഹരമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍കൂടിയാണ് സാജന്‍. സാജന്റെ അടുത്ത സുഹൃത്തും നായകനടനുമായ ശബരീനാഥിന്റെ മരണം സാജന്‍ സൂര്യയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
ശബരിയില്ലാത്ത രണ്ട് വര്‍ഷം കടന്നുപോയത് ശരിക്കും അറിഞ്ഞെന്നാണ് സാജന്‍ സൂര്യ തന്റെ കുറിപ്പിലൂടെ പറഞ്ഞത്. മുന്നേയൊരിക്കല്‍ റഷ്യയിലേക്ക് ഫാമിലി ടൂര്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് സാജന്‍ സൂര്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബരീനാഥ് ‘സാജാ’ എന്ന് ചെറുതായി വിളിക്കുന്നുമുണ്ട്.
”രണ്ട് വര്‍ഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങള്‍ 2018 മെയ് മാസം ഫാമിലി ആയിട്ട് റഷ്യന്‍ ടൂര്‍ പോയപ്പോള്‍ എടുത്തതാ. ശബരി എന്നെ സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ..എന്നൊരു വിളി വീഡേിയോയില്‍ ചെറുതായിട്ട് കേള്‍ക്കാം. അത് കേള്‍ക്കുമ്പോ അവന്‍ കൂടെയുണ്ടന്നൊരു വിശ്വാസം വരും.” എന്നാണ് വീഡിയോക്കൊപ്പം സാജന്‍ സൂര്യ കുറിച്ചത്.
2020 സെപ്റ്റംബര്‍ 17ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. കൂട്ടുകാര്‍ക്കൊപ്പം ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചത്. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



