Section

malabari-logo-mobile

25 കൊല്ലങ്ങൾക്കിപ്പുറവും കടുവാ ചാക്കോമാരുണ്ട്; നിങ്ങൾക്ക് കാണാനാണ് സ്ഫടികം വീണ്ടും വരുന്നത്

HIGHLIGHTS : ''ഈ പടത്തിൽ മോഹൻലാലില്ല, ഈ പടത്തിലെ നായകൻ ആടുതോമയാണ്. അയാളിങ്ങനെയാണ്. ഞാനീ സിനിമ ചെയ്യും. ഭദ്രൻ സാറാണ് ഈ സിനിമയുടെ ക്യാപ്റ്റന്‍.

ലിജീഷ് കുമാര്‍

എഴുത്ത്;ലിജീഷ് കുമാര്‍

കാൽ നൂറ്റാണ്ട് മുമ്പ്, തന്തയ്ക്ക് പിറന്നതിലഭിരമിക്കുന്ന നായകന്മാരുടേയും അവർക്ക് കൈയ്യടിക്കുന്ന കാഴ്ചക്കാരുടേയും തീയേറ്ററിൽ വന്ന് തോമസ് ചാക്കോ പറഞ്ഞു, ”ചാക്കോ മാഷ് എൻ്റപ്പനല്ല, നിന്റപ്പനാണ് !!” അത് കേട്ട സിനിമാ കൊട്ടകകൾ പൂരപ്പറമ്പായി. മലയാള സിനിമ അന്നോളം കാണാത്ത നായകൻ. തോമസ് ചാക്കോ എന്ന് വിളിച്ചവരെ മുഴുവൻ അവൻ തിരുത്തി : ”അല്ല, തോമ.” പേരിനൊപ്പമുണ്ടായിരുന്ന അപ്പൻ്റെ പേര് വെട്ടി തോമസ് ചാക്കോ തോമയായി, ആടുതോമ. ആരായിരുന്നു ആടു തോമയുടെ ആരാധകർ ? അപ്പൻ്റെ കൈ വെട്ടിയ മകന്, ഒന്നരച്ചക്രത്തിൻ്റെ ഗുണ്ടയ്ക്ക്, ഓട്ടക്കാലണയ്ക്ക് കൈയ്യടിച്ചവർ ആരായിരുന്നു ?
അവരെല്ലാം തോമയായിരുന്നു. അവരുടെയെല്ലാം ജീവിതത്തിലൂടെ ഏറിയും കുറഞ്ഞുമൊക്കെ കടന്നുപോയിട്ടുണ്ടാകണം, അപ്പനായോ മാഷായോ ഒരു കടുവാ ചാക്കോ. പാലായിൽ ഒരു തോമസ് സാറുണ്ട്. ഡോൺ ബോസ്കോ സ്കൂളിലെ കണക്കു മാഷ്, നാട്ടുകാരുടെ കാണപ്പെട്ട ദൈവം. പൊട്ടക്കിണറ്റിൽ ഒരു പൊന്മാനെ കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന് അര മണിക്കൂർ താമസിച്ച് ക്ലാസിൽ വന്ന് കയറിയ ഒരഞ്ചാം ക്ലാസുകാരൻ്റെ ചെപ്പയ്ക്കടിച്ച ആലും മൂട്ടിൽ തോമസ് സാർ. സാറിന്നില്ല, പക്ഷേ ആ അഞ്ചാം ക്ലാസുകാരനുണ്ട്. അയാളാണ് ആടുതോമയെ സൃഷ്ടിച്ചത്, ഭദ്രൻ. കണക്കു പഠിപ്പിച്ച ഭൂതലിംഗം ക്ലാസുകഴിയും വരെ ചോക്കു പൊട്ടിച്ചെറിഞ്ഞ നെറ്റി തടവിയാണ് അയാൾ ചാക്കോമാഷിനെ എഴുതിയത്. ഒരു ചാക്കോ മാഷല്ല, അയാൾ കണ്ട ഒരുപാട് ചാക്കോ മാഷമ്മാർ ചേർന്നാണ് കടുവാ ചാക്കോ ഉണ്ടായത്.

sameeksha-malabarinews

വില്ലനായ മാഷ് മാത്രമായിരുന്നില്ല ഭദ്രന് കടുവാ ചാക്കോ, വില്ലനായ അപ്പൻ കൂടിയായിരുന്നു. കണക്കറിഞ്ഞു കൂടാത്തവരെ ഒന്നിനും കൊള്ളാത്തവരായാണ് അന്ന് പാലാക്കാര് കണ്ടിരുന്നത്. ഭൂലോകത്തിൻ്റെ സ്പന്ദനം കണക്കിലാണെന്നും, വിത്തൗട്ട് മാത്തമാറ്റിക്സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്നും പറയുന്ന ചാക്കോ മാഷ് അവരുടെയെല്ലാം പ്രതിനിധിയായിരുന്നു. അതിലൊരു നാട്ടുകാരനെക്കുറിച്ച് പറയാം, ഭദ്രൻ്റെ വീടിൻ്റെ തൊട്ടടുത്തായിരുന്നു അയാളുടെ താമസം – കരുണൻ. സ്കൂളിൽ പഠിക്കുന്ന ഒരു മകനുണ്ടയാൾക്ക്. രാജനെന്നാണ് അവൻ്റെ പേര്, കണക്കിന് അവൻ പിന്നിലായിരുന്നു. ഇടവകപ്പള്ളിയിൽ കുർബാന കൂടാൻ നടന്നു പോകുന്നത് കരുണൻ്റെ വീട്ടിന് മുമ്പിലൂടെയാണ്. അപ്പോൾ വീട്ടുമുറ്റത്തെ ചരലില്‍ കരഞ്ഞു കൊണ്ട് മുട്ടുകുത്തി നിൽപ്പുണ്ടാവും രാജൻ, മുമ്പിൽ ഭദ്രൻ കടുവാ ചാക്കോയെ കണ്ടു.
നമുക്കീ സിനിമയ്ക്ക് ആടുതോമ എന്ന് പേരിടാമെന്ന് പ്രൊഡ്യൂസർ ഗുഡ്നൈറ്റ് മോഹന്‍ അന്ന് ഭദ്രനോട് പറഞ്ഞു. ഭദ്രൻ മോഹനോട് പറഞ്ഞു, ”ഇത് ആടുതോമയുടെ കഥയല്ല, ഇത് ചാക്കോ മാഷിൻ്റെ കഥയാണ്. സ്ഫടികം പോലെ മനസ്സുള്ള തന്‍റെ മകനെ മനസ്സിലാക്കാന്‍ കഴിയാതെ പോയ ചാക്കോ മാഷിൻ്റെ കഥ. അവന്‍റെ കഴിവുകളെയെല്ലാം നശിപ്പിച്ച്, താൻ ആഗ്രഹിക്കുന്ന രീതിയിലേക്ക് അവനെ മാറ്റാൻ നോക്കിയ കടുവാ ചാക്കോയുടെ കഥ. മോഹൻ, ഇതൊരടിപ്പടമല്ല – ഇത് പാരൻ്റിംഗിൻ്റെ കഥയാണ്. ആടുതോമ എന്ന ഗുണ്ടയുടെ മാനസാന്തരമല്ല നമ്മുടെ പടത്തിലുള്ളത്. ചാക്കോ മാഷാണ് മാറേണ്ടത്. തന്‍റെ മകന്‍ സ്ഫടികം പോലെയാണെന്ന് അയാൾ തിരിച്ചറിയണം.”

സ്ഫടികം നിർമ്മിക്കാൻ ആദ്യം വന്നത് ഗുഡ്നൈറ്റ് മോഹനായിരുന്നില്ല സെവന്‍ ആര്‍ട്സ്‌ വിജയകുമാറായിരുന്നു. മോഹൻലാല് തുണിപറിച്ചാൽ ആളുകൾ തീയേറ്ററിൽ നിന്ന് കൂവുമെന്ന് വിജയകുമാർ പറഞ്ഞു. ഭദ്രൻ അത് ശരിവെച്ചു, ”മോഹൻലാല് തുണി പറിച്ചാൽ ആളുകള്‍ കൂവും, ആടു തോമ തുണി പറിച്ചാൽ കൂവില്ല. എൻ്റെ പടത്തിൽ മോഹൻലാലില്ല, ഈ പടത്തിൽ ആടുതോമയേ ഉള്ളൂ.” വിജയകുമാറിന് മനസിലായില്ല. ഭദ്രൻ കൂടുതൽ മനസിലാക്കിക്കാൻ ശ്രമിച്ചതുമില്ല. താനീ പടം ചെയ്യണ്ട എന്ന് പറഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയി. തുണിപറിച്ചടിക്കുന്നതും മുട്ടനാടിന്‍റെ ചോര കുടിക്കുന്നതും പ്രേക്ഷകര്‍ക്ക്‌ ദഹിക്കില്ല – നിൻ്റെ ഇമേജിനെ അത് ബാധിക്കും എന്ന് പലരും മോഹൻലാലിനെയും വിളിച്ച് പറഞ്ഞു. ലാലിന് പക്ഷേ ഭദ്രനെ മനസ്സിലായി. ലാൽ പറഞ്ഞു, ”ഈ പടത്തിൽ മോഹൻലാലില്ല, ഈ പടത്തിലെ നായകൻ ആടുതോമയാണ്. അയാളിങ്ങനെയാണ്. ഞാനീ സിനിമ ചെയ്യും. ഭദ്രൻ സാറാണ് ഈ സിനിമയുടെ ക്യാപ്റ്റന്‍. സംവിധായകന്‍റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈകടത്തില്ല.”

എഴുതി, തിരുത്തിയെഴുതി, പിന്നെയുമെഴുതി !! സ്ഫടികമെഴുതാൻ ഭദ്രൻ എടുത്ത കാലം 3 വർഷമാണ്. പലരോടും കലഹിച്ചു. ജെ.വില്ല്യംസ്‌ ആയിരുന്നു ക്യാമറാമാന്‍. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ഭദ്രനോട് തല്ലു കൂടി അയാൾ പോയി, പകരം എസ്.കുമാര്‍ വന്നു. നായികയായി തീരുമാനിച്ച ശോഭന ഡേറ്റ് പ്രശ്നം കൊണ്ട് വന്നില്ല, പകരം ഉര്‍വ്വശി വന്നു. കുറ്റിക്കാടന്‍റെ റോൾ ചെയ്യേണ്ട തമിഴ്‌ നടന്‍ നാസർ വന്നില്ല. പകരം പാലായിൽ വെച്ച് അന്ന് ഭദ്രൻ യാദൃശ്ചികമായി കണ്ട ജോര്‍ജ്ജ് ആന്‍റണി കുറ്റിക്കാടനായി, പിൽക്കാലം സ്ഫടികം ജോര്‍ജ്ജുമായി. ഒരു പ്രതിസന്ധിക്കു മുമ്പിലും ഭദ്രൻ പതറിയില്ല. ഷൂട്ട് നിന്നപ്പോഴും തളർന്നില്ല. ഈ പടം ചരിത്രം രചിക്കുമെന്ന് അയാൾക്കത്ര ഉറപ്പുണ്ടായിരുന്നിരിക്കണം.
സ്ഫടികം ഇറങ്ങി. റിലീസ് ദിവസം ഷേണായീസിലിരുന്ന് സെവന്‍ ആര്‍ട്സ്‌ വിജയകുമാര്‍ ആദ്യ ഷോ കണ്ടു. ആടുതോമ മുണ്ടു പറിച്ചതും അയാൾ ചുറ്റും നോക്കി, ചുറ്റുമുള്ള കസേരകളിൽ കയറി നിന്ന് ആൾക്കൂട്ടം ആർപ്പു വിളിച്ച് തുള്ളുന്നു. താൻ കൈവിട്ട പടം, തനിക്ക് മനസിലാകാതെ പോയ പടം മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തുന്നത് വിജയകുമാർ കണ്ടു.

കടന്നു പോയത് ഒരു ലാൽ നൂറ്റാണ്ടാണ്. 25 വർഷം ഒരു ചെറിയ കാലയളവല്ല. അതിനിടയിൽ ഒരുപാട് ജനറേഷനുകൾ വന്നു. അവരെല്ലാം ആ പടം കണ്ടു. പഴയ കുടുംബങ്ങളല്ല പുതിയ കുടുംബങ്ങൾ, പഴയ സ്കൂളുകളല്ല പുതിയ സ്കൂളുകൾ. പക്ഷേ പുതിയ തലമുറയ്ക്കും ആടുതോമ ഹീറോയാണ് – കടുവാ ചാക്കോ വില്ലനും. ജീവിതം തന്റെ മാത്തമാറ്റിക്സല്ല എന്നും, താനാണ് അവനെ ഓട്ടക്കാലണയാക്കിയതെന്നും കടുവാ ചാക്കോയോട് പറഞ്ഞു കൊണ്ടാണ് അവരത് കണ്ടു തീർക്കുന്നത്. എന്തുകൊണ്ടാവും ? സംശയമില്ല, അവരുടെയെല്ലാം ജീവിതത്തിലൂടെ ഏറിയും കുറഞ്ഞുമൊക്കെ കടന്നുപോയിട്ടുണ്ട് – അപ്പനായോ മാഷായോ ഒരു കടുവാ ചാക്കോ.

പഴയ കുടുംബങ്ങളല്ല പുതിയ കുടുംബങ്ങൾ, പഴയ സ്കൂളുകളല്ല പുതിയ സ്കൂളുകൾ. പക്ഷേ പഴയ മാഷമ്മാർ ഇപ്പോഴുമുണ്ട്, പഴയ അപ്പന്മാരും. ചീഫ് സെക്രട്ടറിയും ഡോക്ടറും എഞ്ചിനീയറുമായിത്തീരുന്ന ശിഷ്യന്മാരിൽ അഭിരമിച്ചും, റാങ്ക് വാങ്ങുന്ന കുട്ടിയെ സ്നേഹിച്ചും, പഠിക്കാൻ പിന്നിലായിപ്പോയവനെക്കൊണ്ട് കസേര തുടപ്പിച്ചും 25 കൊല്ലങ്ങൾക്കിപ്പുറവും കടുവാ ചാക്കോമാരുണ്ട്. നിങ്ങൾക്ക് കാണാനാണ് ഭദ്രൻ ഈ പടം ചെയ്തത്. നിങ്ങൾ മാത്രമേ ഇതിനി കാണാൻ ബാക്കിയുള്ളൂ. ഒറ്റയ്ക്കിരുന്ന് തോമസ് ചാക്കോവിനെ കാണണം. നിങ്ങൾ വരയ്ക്കുന്ന ചുവന്ന വരയ്ക്ക് ചോര എന്നൊരർത്ഥം കൂടിയുണ്ടെന്ന് അവൻ പറയുന്നത് കേൾക്കണം. എല്ലാ കുട്ടിയിലും ഒരു തോമസ്ചാക്കോ ഉണ്ടെന്ന് തിരിച്ചറിയണം. എല്ലാ കുട്ടിയിലും ഒരു തോമസ്ചാക്കോ ഉള്ള പോലെ എല്ലാ കുട്ടിയിലും ഒരാടുതോമ ഉണ്ടെന്നും !!

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!