Section

malabari-logo-mobile

സംസ്ഥാനത്ത് 111 ക്ലസ്റ്ററുകള്‍, 15 ലാര്‍ജ് ക്ലസ്റ്ററുകള്‍ , വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യവിദഗ്ധര്‍

HIGHLIGHTS : There are 111 clusters and 15 large clusters in the state, health experts said

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നതിനൊപ്പം കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുന്നു. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി. അതേസമയം ക്ലസ്റ്ററുകളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ദരുടെ വിലയിരുത്തല്‍.

ആദ്യതരംഗത്തിന് ശേഷം രോഗികള്‍ കുറഞ്ഞതോടെ ഇല്ലാതായ ക്ലസ്റ്ററുകള്‍ ഒറ്റയടിക്ക് വീണ്ടും മുളച്ചുപൊന്തുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതലുള്ള കോഴിക്കോട് തന്നെയാണ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുതല്‍. ഇതില്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍. പ്രാദേശികമായി പടര്‍ന്ന 50ലധികം കേസുകളുള്ളപ്പോഴാണ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാവുക. കോഴിക്കോട് നഗരസഭയിലെ 42ആം വാര്‍ഡ്, 65 വാര്‍ഡ്, കട്ടിപ്പാറ വടക്കുംമുറി 12 വാര്‍ഡടക്കം അടക്കം ജില്ലയില്‍ 6 ലാര്‍ജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകള്‍. എല്ലാം ഈ മാസം രൂപം കൊണ്ടവ. മിക്കതും ആക്റ്റീവ് ക്ലസ്റ്ററുകള്‍.

sameeksha-malabarinews

കൊല്ലം കുലശേഖരപുരത്തെ വിവിധ വാര്‍ഡുകള്‍ ചേര്‍ന്ന ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം രോഗികളുടെ എണ്ണം 197 ആണ്. ഇതോടൊപ്പം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളും പ്രാദേശികമായി പടര്‍ന്ന ലിമിറ്റഡ് ക്ലസ്റ്ററുകളും ചേര്‍ന്നാണ് 111 ക്ലസ്റ്ററുകള്‍. സമ്പര്‍ക്ക വ്യാപനം പിടിവിട്ടതും, ഉറവിടമില്ലാത്ത കേസുകള്‍ കൂടുന്നതുമാണ് ഭീമന്‍ ക്ലസ്റ്ററുകളുയര്‍ത്തുന്ന പ്രധാന ആശങ്ക.

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള എന്നിവ ആദ്യതരംഗത്തില്‍ വന്‍ ഭീഷണി ഉയര്‍ത്തിയ ലാര്‍ജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകളാണ്. പൂന്തുറ പിന്നീട് സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ആഴ്ച്ചകളോളം ലോക്ക്ഡൗണിട്ടും തമ്പടിച്ച് പരിശോധന നടത്തിയുമാണ് അന്ന് ക്ലസ്റ്ററുകളെ നിയന്ത്രിച്ചത്.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ക്ക് പ്രസക്തിയില്ലാത്ത വിധമാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ദര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം കടന്നിരിക്കെ സമൂഹവ്യാപനം നേരിടുന്നതിന് തുല്യമായ നടപടികളാണ് വേണ്ടതെന്നും നിര്‍ദേശമുയരുന്നു. പരിശോധിക്കുന്നവരില്‍ നാലിലൊന്നും പോസിറ്റീവ് എന്ന നിലയിലാണ് സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃശൂരിലും മലപ്പുറത്തും മുപ്പതും കടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!