കൊല്ലം : നിരവധി മോഷണകേസുകളില്‍ പ്രതിയായ മേല്‍ശാന്തിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര എരിച്ചല്ലൂര്‍ അഹലത്ത് മഠത്തില്‍ ചന്ദ്രന്‍ എമ്പ്രാന്തിരി എന്ന കൃഷ്ണശര്‍മ്മ(48) ആണ് അറസ്റ്റിലായത്.
ഇയാള്‍ പത്തനാപുരം മഞ്ജള്ളൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കെ അമ്പലത്തിന്റെ സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിലാണ് ഇയാള്‍ കുടുങ്ങിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. മോഷണം പോയ ഫോണ്‍ ചന്ദ്രന്‍ എമ്പ്രാന്തിരിയുടെ ഭാര്യ ഉപയോഗിച്ച് വരികയായിരുന്നു.
നേരത്തെ കരിന്തോട്ടുവ നെടുമണ്‍കാവ് ദുര്‍ഗാദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന വ്യാപകമായി നിരവധി വെട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കൃഷ്ണശര്‍മ്മയെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലപുരം പോലീസ് സ്റ്റേഷനതിര്‍ത്ഥിയില്‍ മോഷണം നടത്തിയതിന് പ്രതിയായിരുന്നു. ഈ കേസില്‍ 2 കൊല്ലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ ഒരു വീട്ടമ്മയുടെ 3 പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചിരുന്നു. ഈ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ ആറ്റിങ്ങല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഇയാള്‍ പേര് മാറ്റി ചന്ദ്രന്‍ എമ്പ്രാന്തിരിയായി അമ്പലങ്ങളില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചു വരികായായിരുന്നു. ഈ സമയത്താണ് ഇയാള്‍ തിരുവാഭരണ മോഷണമടക്കം നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തത്.



