ബാങ്കിനുള്ളില്‍ പൂജ നടത്തി മോഷണം, കവര്‍ന്നത് 42 ലക്ഷം രൂപയുടെ പണവും സ്വര്‍ണ്ണവും

കൊല്ലം: പത്തനാപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ച പണയ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം, 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്. പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്.

ബാങ്കിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്തു കയറിയതെന്നാണു നിഗമനം. രണ്ട് ലോക്കറുകളിലെയും പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ബാങ്കിലെ രേഖകള്‍ സൂക്ഷിച്ച അലമാരയും മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്. പണമായി നാല് ലക്ഷം രൂപയും 38 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് ബാങ്ക് ഉടമ പറയുന്നത്.

സ്ഥാപനത്തിനുള്ളില്‍ ദൈവത്തിന്റെ പടവും ശൂലവും നാരങ്ങയും കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക വച്ച് വിളക്ക് കത്തിച്ച് പൂജ നടത്തിയതായി ലക്ഷണങ്ങള്‍. ബാങ്കിനുള്ളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. മാത്രമല്ല, മുറിയില്‍ മുറിച്ച തലമുടിയുടെ ഭാഗങ്ങളും വിതറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

 

 

Share news
error: Content is protected !!
Scroll to Top