പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലപാതക കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണക്കോടതി. എപി സുന്നി പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊന്ന കേസിലാണ് പ്രതികളായ 25 പേര്‍ക്ക് പാലക്കാട് അഡിഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവുും ഒരു ലക്ഷം രൂപ വിധം പിഴയും ശിക്ഷ വിധിച്ചത്. ഈ തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബത്തിനായി നല്‍കണം. സെഷന്‍ ജഡ്ജി രജിത ടി.എച്ച് ആണ് വിധി പ്രസ്താവിച്ചത്.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചോലാട്ടില്‍ സീദ്ദീഖ് ആയിരുന്നു കേസിലെ ഒന്നാംപ്രതി. കേസില്‍ ആകെ 90സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇരട്ടക്കൊല കേസില്‍ ആകെ 27 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ തീരും മുന്‍പേ മരിച്ചു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളുടെ വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
2013 നവംബര്‍ 21-നാണ് എപി സുന്നി പ്രവര്‍ത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞു ഹംസ എന്നിവര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 7 വര്‍ഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998-ല്‍ പാലയ്ക്കാ പറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. കൊല്ലപ്പെട്ട ഹംസ പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയതോടെ രാഷ്ട്രീയനിറവും കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിര്‍ണായകസാക്ഷി.



