യുവതിയെ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഇരുത്തി ഫോട്ടോയെടുത്തു; പ്രചരിപ്പിക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ യുവാക്കളുടെ സദാചാര ആക്രമണം. പട്ടാപ്പകല്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാക്കള്‍ സദാചാര ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോഡ്രൈവറെ അടിക്കുകയും യുവതിക്ക് ഒപ്പം ഇരുത്തി ഫോട്ടോയെടുക്കുകയുമായിരുന്നു. ഫോട്ടോ പ്രചരിപ്പിക്കുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത കുന്നംകുളം പൊലീസ് അന്വേഷണത്തിന് ഒടുവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കുന്നംകുളം സ്വദേശികളായ നിഖില്‍, റൗഷാദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയുടെയും ഓട്ടോ ഡ്രൈവറുടെയും മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാസം 26ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയില്‍ വരികയായിരുന്നു യുവതി. കല്ലുംപുറം എത്തിയപ്പോള്‍ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സംസാരിക്കാനായി ഓട്ടോ നിര്‍ത്തി. ഈ സമയം ബൈക്കില്‍ പോവുകയായിരുന്ന രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്തെത്തി യുവതിയോട് കയര്‍ക്കുകയായിരുന്നു. അസഭ്യം പറയുകയും ഓട്ടോയില്‍ കയറി കടന്നുപിടിക്കുകയും ചെയ്തതോടെ ഓട്ടോ ഡ്രൈവര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top