നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചനയുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്.
അതേസമയം, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും, അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.



