Section

malabari-logo-mobile

ലാലേട്ടന്‍ നിന്നു വല്യേട്ടനെ പോലെ…മകളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് റഹ്മാന്‍

HIGHLIGHTS : The time when Lalettan unknowingly seeks a loved one to give him courage and strength by holding his hand: Rahman's note thanking Mohanlal

സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് റഹ്മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് റഹ്മാന്റെ മകള്‍ റുഷ്ദയുടെ വിവാഹമായിരുന്നു. കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം ചെന്നെയിലെ ഹോട്ടല്‍ ലീല പാലസില്‍ വെച്ചായിരുന്നു നടന്നത്.

sameeksha-malabarinews

സിനിമാരംഗത്തെ നിരവധി പ്രമുഖരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ലാലിന് നന്ദി പറഞ്ഞ് കുറിപ്പെഴുതിയിരിക്കുകയാണ് നടന്‍ റഹ്മാന്‍.

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് താരം മോഹന്‍ലാലിനെ അഭിസംബോധന ചെയ്ത് കുറിപ്പ് പങ്കുവെച്ചത്.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പ്രിയപ്പെട്ട ലാലേട്ടന്…

ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍.

കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകള്‍ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതല്‍ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവര്‍ക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ വരെ… കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആര്‍ടിപിസിആര്‍ പരിശോധന നടത്തി…

ഞങ്ങളെത്തും മുന്‍പ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…

പ്രിയപ്പെട്ട ലാലേട്ടാ… സുചി…

നിങ്ങളുടെ സാന്നിധ്യം പകര്‍ന്ന ആഹ്‌ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങള്‍ക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് ഇതുപോലെ കഴിയുക?
സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ… ഞങ്ങള്‍ക്കു പറയാതിരിക്കാനാവുന്നില്ല.
നന്ദി…ഒരായിരം നന്ദി…
സ്‌നേഹത്തോടെ,
റഹ്മാന്‍, മെഹ്‌റുന്നിസ.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!