ന്യൂഡല്‍ഹി: ലോട്ടറി നികുതി കേസില്‍ കേരളത്തിന് വിജയം. സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. പേപ്പര്‍ ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തി കൊണ്ട് 2005ലാണ് കേരളം നിയമം പാസാക്കിയത്. എന്നാല്‍ സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ. ജോണ്‍ കെന്നഡിയും 2008ല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കി.
സിക്കിം ലോട്ടറി വിറ്റതില്‍ നിന്ന് 250 കോടിയോളം രൂപയാണ് നികുതിയായി പിരിച്ചിരുന്നത്. ലോട്ടറി കേന്ദ്ര വിഷയം ആയതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി നിയമം പാസാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഈ കേസില്‍ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനുമേല്‍ മറ്റൊരു സംസ്ഥാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആകില്ലെന്നും ഹൈക്കോടതി വിധിച്ചു.
സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി തിരികെ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഉള്‍പ്പടെയുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.




