ഓടിക്കൊണ്ടിരുന്ന ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു; സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കോടഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു. സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാനായി.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടില്‍ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവര്‍ കോടഞ്ചേരി ടൗണില്‍ വണ്ടിനിര്‍ത്തി ഓടി രക്ഷപ്പെട്ടു.

ഇതോടെ നാട്ടുകാരാനായ ഷാജി എന്നയാള്‍ ലോറിയില്‍ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടില്‍ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടില്‍ വീണു വന്‍ അപകടം ഒഴിവായി.

നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോല്‍ കെട്ടുകള്‍ മാറ്റി. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കൂടി എത്തി തീ അണച്ചു. അതോടെ വാഹനത്തിന് തീ പിടിച്ചുള്ള വന്‍ ദുരന്തം ഒഴിവാക്കാനായി.

ഇലക്ട്രിക് കമ്പികള്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈക്കോല്‍ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top