HIGHLIGHTS : The state assembly has passed the bill for the country's first commission for the elderly.

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്കായി കമ്മീഷന്‍ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോജന കമ്മീഷന്‍ പുതിയ യുഗത്തിന്റെ തുടക്കമാകും.പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി കമ്മീഷന്‍ നിലവില്‍ വരുന്നത്.അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷന്‍. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുക.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമ്മീഷന് ചുമതലയുണ്ടാവും. വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമുള്ള സഹായങ്ങളും, നിയമസഹായം ലഭ്യമാക്കുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയര്‍പേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്നു വര്‍ഷം വരെ ആയിരിക്കും.കമ്മീഷന്, അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തില്‍ പ്രത്യേകമായ അറിവുള്ള രണ്ടില്‍ കൂടാത്ത എണ്ണം വ്യക്തികളെ പ്രത്യേക ക്ഷണിതാക്കളായി യോഗങ്ങളില്‍ പങ്കെടുപ്പിക്കാം. കമ്മീഷന്‍ യോഗങ്ങളില്‍ ക്ഷണിതാക്കള്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല.കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷന്‍ മാറും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തെ കൂടുതല്‍ വയോജനസൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു