‘സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടിട്ടില്ല; കേന്ദ്രം അനുമതി നല്‍കേണ്ടിവരും’; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

‘സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹ്യാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അനുമതി ലഭിക്കുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത്.
പക്ഷേ, എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകള്‍ വന്നപ്പോള്‍ കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും മുഖ്യമന്ത്രി പിണറായി സഭയില്‍ പറഞ്ഞു.

‘കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ ലൈനെന്നോ കെ റെയില്‍ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്‌നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കില്‍ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിന്‍ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരത്തില്‍ ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചുവെന്നതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്’. ഈ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top