കോഴിക്കോട്: നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത. യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ചയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. വൈദ്യുതത്തൂണില്‍ ഇടിച്ചു നിന്ന നിലയിലായിരുന്നു കാര്‍. ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്തെ ടയര്‍ പൊട്ടിയനിലയിലായിരുന്നു.
തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു.
പ്രദേശത്തിനടുത്തുള്ള യുവതിയുമായി മരിച്ച യുവാവിന് ഇന്‍സ്റ്റഗ്രാം മുഖേന ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് മുങ്ങിയ ആള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന.
തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് മുങ്ങിയ ആള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മുങ്ങിയ ആളെ കണ്ടെത്തിയാല്‍ മാത്രമേ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.




