Section

malabari-logo-mobile

ജയിച്ചിട്ടും ജപ്പാന്റെ അട്ടിമറിയില്‍ ജര്‍മനി പുറത്ത്

HIGHLIGHTS : Despite the win, Germany is out of Japan's coup

ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ജയം അനിവാര്യമായിരുന്ന ജര്‍മനി ജയം നേടിയെങ്കിലും(4-2) ജപ്പാന്റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനി, രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ കൂടി നേടി വിജയിച്ചു.

സ്‌പെയിന്‍ 7-0ന് തകര്‍ത്തുവിട്ട കോസ്റ്റോറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഗ്രൗണ്ടിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ സെര്‍ജ് ഗ്‌നാബ്രി ജര്‍മനിക്ക് ലീഡ് നല്‍കി. എന്നാല്‍ ആദ്യ പകുതിയില്‍ ജര്‍മനിയെ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ യെല്‍സിന്‍ ജേഡയിലൂടെ സമനില ഗോള്‍ നേടി. 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജര്‍മനി മാത്രമല്ല സ്‌പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാല്‍ സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്താവുമായിരുന്നു.

sameeksha-malabarinews

എന്നാല്‍ മൂന്ന് മിനിറ്റിനകം കയ് ഹാവെര്‍ട്‌സ് സമനില ഗോള്‍ നേടി ജര്‍മനിയെ ഒപ്പമെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെര്‍ട്‌സിന്റെ രണ്ടാം ഗോളില്‍ ജര്‍മനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി കോസ്റ്റോറിക്കന്‍ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജര്‍മനിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാനായില്ല.

സ്‌പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്റെ കരുത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്‌പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്‌പെയിനിന് രക്ഷയായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!