സൈലന്റ് വാലി സൈരന്ദ്രിയില്‍ കാണാതായ വനം വാച്ചറെ കണ്ടെത്താന്‍ സൈലന്റ് വാലി വനത്തില്‍ നടത്തുന്ന തെരച്ചില്‍ നാളെ അവസാനിപ്പിച്ചേക്കും. പ്രത്യേക സംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്നാട് വനമേഖലയിലേക്കും രാജന് വേണ്ടിയുളള തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. രാജന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
രാജനെ കാണാതായി പന്ത്രണ്ടാം നാളാണ് തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി സൈലന്റ് വാലി വനത്തില്‍ നടത്തുന്ന തെരച്ചിലില്‍ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സൈലന്റ് വാലി വനത്തിലെ തെരച്ചിലവസാനിപ്പിച്ച് തമിഴ്‌നാട് മൂക്കുത്തി നാഷണല്‍ പാര്‍ക്കിലെ തെരച്ചില്‍ തുടരാനാണ് നീക്കം. ഇക്കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, വനത്തിനുള്ളില്‍ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തില്‍ നിന്നും കടുവ, പുലി എന്നിവയുടെ സാന്നിധ്യവും രാജന്റെ തിരോധാനത്തിന് ശേഷം സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ വന്യജീവി ആക്രമണം രാജന് നേരെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.



