കാര്‍വാര്‍: കര്‍ണ്ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ മലയാളി അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. അപകടത്തില്‍ പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കളക്ടര്‍ പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനം ആറ് മണിക്ക് പുനരാരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാങ്കേതിക സഹായത്തിന് എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസര്‍ കൂടിയെത്തുമെന്നും ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയില്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകും,’ കളക്ടര്‍ പ്രതികരിച്ചു.
മലയാളിയായ അര്‍ജുന്‍, നായിക് എന്ന് പേരുള്ള സ്ത്രീ, ഇവരെ കൂടാതെ ഡ്രൈവറോ ക്ലീനറോ ഒരാള്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് എസ് പി നാരായണയും പ്രതികരിച്ചു.



