ദേശീയ സരസ് മേള : ഭക്ഷണ പ്രേമികളുടെ മനം കവര്‍ന്ന് രാജസ്ഥാനി വെജ് കൗണ്ടര്‍

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്നുവരുന്ന ദേശീയ സരസ് മേളയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് രാജസ്ഥാനി വെജ് കൗണ്ടര്‍. വിവിധതരം ചാട്ടുകള്‍, ചെന മസാല, പാവ് ബാജി, തുടങ്ങിയ തനതായ ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് പ്രധാനമായും ഈ കൗണ്ടറില്‍ ഉള്ളത്.

രാജസ്ഥാനില്‍ നിന്നുള്ള പത്തു പേരടങ്ങുന്ന സംഘമാണ് ഫുഡ് കൗണ്ടര്‍ നടത്തുന്നത്. ബട്ടര്‍ പാവ് ബാജി, ആലു പനീര്‍ ടിക്കി, പാപ്പടി ചാട്ട്, മിക്‌സ് ചാട്ട്, വട പാവ്, സ്‌പെഷ്യല്‍ പ്യാസ് കച്ചോരി, സ്‌പെഷ്യല്‍ മുഗള്‍ കച്ചോരി, പനീര്‍ ചോലെ ബട്ടൂര, സ്‌പെഷ്യല്‍ സ്വീറ്റായ റബ്ടി ഗേവര്‍ എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. 50 രൂപ മുതല്‍ വിഭവങ്ങള്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഉടനീളം നടക്കുന്ന വിവിധ മേളകളില്‍ ഇവര്‍ സ്ഥിരമായി പങ്കെടുത്തു വരുന്നു. കേരളത്തില്‍ ഇതുവരെ നടന്ന എല്ലാ സരസ്‌മേളകളിലും സ്വാദിഷ്ടമായ വിഭവങ്ങളുമായി ഇവര്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും കേരളത്തിലെ മേളകളില്‍ പങ്കെടുക്കാന്‍ ഏറെ താല്പര്യമാണെന്നും സംഘത്തിലെ അംഗമായ ജയ്പൂര്‍ സ്വദേശി പിങ്കു ജാട്ട് പറഞ്ഞു.

ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ആദ്യമായി പരീക്ഷിക്കാന്‍ എത്തിയവരും സ്ഥിരമായി ഇത്തരം രുചികള്‍ തേടുന്ന ഭക്ഷണപ്രിയരും കൗണ്ടറില്‍ എപ്പോഴും ഉണ്ട്. രാജസ്ഥാന് പുറമെ സിക്കീം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങി 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ മേളയില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top