ഗാന്ധിനഗര്‍: ഗാന്ധി നഗര്‍ – മുംബൈ വന്ദേഭാരത് ട്രെയിന്റെ ആദ്യ സര്‍വീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. ന്യൂഡല്‍ഹി-വാരാണസി റൂട്ടിലും ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര റൂട്ടിലുമാണ് നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. 2023 ആഗസ്റ്റ് 15-ന് മുന്‍പ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഗാന്ധി നഗറില്‍ നിന്ന് കാലുപൂര്‍ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തു. തുടര്‍ന്ന് അഹമ്മദാബാദില്‍ നടന്ന പൊതു യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. അമേരിക്കന്‍ നഗരങ്ങളായ ന്യൂ ജേഴ്‌സിയേയും ന്യൂയോര്‍ക്കിനെയും പോലെ ഗാന്ധിനഗറിനെയും അഹമ്മദാബാദിനെയും വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.



